4 Sept 2012

പ്രവാസിയുടെ കവിത




ഒരു ദേശാടനത്തിൻ
വിധി വിഹിതമായി
വിണ്ട കാലടികളിൽ
നിറയും കരിമുള്ളും

കദനഭാരത്തിന്റെ
കറയെഴും മാറാപ്പിൽ
നിറയും തണൽ തേടും
പഥികന്റെ മോഹവും

വിധിയുടെ ഗ്രഹണ
വഴിയിൽ മറയുന്ന
കിനാവും കനിവെഴാ
ദുരിത ഗോളങ്ങളും

വറുതിയിൽ മുറിവിൽ
വടുകെട്ടി നിറയും
മനനബോധങ്ങളിൽ
മൗനസംഗീതമായി

ഈറ്റില്ലമറിയാതെ
പേറ്റുനോവറിയാതെ

വിസ്മയം പോലെയൊരു
കനലുറവുപൊട്ടി
തെളിനീരുപോലെയീ
കവിതയൊഴുകുന്നു...

ഒരു നീണ്ട യാത്ര തൻ
കണ്ടെത്തും കയങ്ങളിൽ
കതിർ പഥേയമായി
കവിത കെട്ടുന്നു ഞാൻ!

ദുരിതയാമങ്ങളിൽ
മുറിവേറ്റകം നീറി-
യടുക്കളത്തിണ്ണയിൽ
കാത്തിരുപ്പിൻ നോവും

മോഹഭംഗങ്ങളായി
പകൽ വിളറുന്നതും
വഴിക്കണ്ണുമായി
നീയുരുകിയിരുപ്പതും

കരിപടരും കണ്ണിൽ
നറുനിലാവായെത്തു-
മൊരുൾച്ചൂടിലക്കവിൾ
പൂവായി വിരിയുന്നതും

കുളിർ ചുരന്നെത്തുന്ന
കുഴൽ നാദം പോലെയാ
വാക്കിൽ നറുമധുര-
മൂറിനിറയുന്നതും

തിരയായറിയാതെ
നിറമേറെയില്ലാതെ

കാലപ്പകർച്ചയിലെൻ
കനവുറവുപൊട്ടി
കണ്ണീരുപോലെയീ
കവിതയൊഴുകുന്നു...

വീണ്ടുമൊരു യാത്രതൻ
വിളികേൾക്കെ വേഗത്തിൽ
ചുമലിൽ വിഴുപ്പായി
കവിത കെട്ടുന്നു ഞാൻ!
 
OO  അജിത് കെ.സി

3 comments:

  1. മനോഹരം എന്ന് തന്നെ പറയട്ടെ.... സാധാരണ ചില ബ്ലോഗ്‌ കവിതകളില്‍ കവിത കാണാറില്ല... കാവ്യം ഉണ്ടാകാറില്ല... വിടെ കവിതയില്‍ ഒരു കഥ ഉണ്ട്... വരികള്‍ തമ്മില്‍ ബന്ധം ഉണ്ട്... ഭംഗി ഉണ്ട്, ആകാരം ഉണ്ട്... ആധുനിക കവിതകളില്‍ രൂപഭംഗി ആരും നോക്കാറില്ല... എങ്കിലും ഇവിടെ എല്ലാം തികഞ്ഞു എന്ന് തോന്നി പോകുന്നു.,.. ആശംസകള്‍

    ReplyDelete
  2. ചുമലിൽ വിഴുപ്പായി
    കവിത കെട്ടുന്നു ഞാൻ!....

    ReplyDelete