16 Mar 2012

പരസ്പരം


തെരുവിൽ കലഹം
കണ്ടിട്ടൊരു നാൾ
കുടിലിൻ തണലിൽ
നേരം പോക്കാനിരുന്നീ
കാവ്യപ്പെരുമയിൽ
ക്രൗഞ്ചപ്പിടയുടെ
കരളിൻ നോവിൽ
കണ്ണു കലങ്ങി
കഥയിലിരുപ്പതു
ഞാനോ നീയോ?


പാണപ്പാട്ടതു
കേട്ടിട്ടിണയെ വെറുതെ
കാട്ടിലെറിഞ്ഞതു,
കാട്ടിൽ ജനിച്ചൊരു
ഭ്രാന്തിപ്പെണ്ണിൻ
മൂക്കും മുലയും
മുറിച്ചു കളഞ്ഞതു
കഥയോ, കഥയിൽ
കതിർ തേടും കഴിവോ?


പാലു ചുരന്നൊരു
പശുവെ വേട്ടതു
പരദേശിക്കഥയോ,
അകിടിൽച്ചോര-
ക്കൗതുകമേറ്റിയിരിക്കും
വല്മീകക്കറയോ?


ഗുരുകുലമേകിയ-
യവലുകഴിക്കാ-
തരമനപൂകിയ-
താരുടെ സുകൃതം,
അവലു കഴിച്ചരി-
മാവു കുടിച്ചതി
മധുരം പാലെന്നു
രുചിച്ചാർത്തത്,
വിധിയോ വിശ്വാസ
ച്ചതിയിൽ നീറി
കഥയിലിരുപ്പതു
ഞാനോ? നീയോ?


വെണ്ണ കവർന്നു
പെണ്ണിൻ കരളു
കവർന്നവളുടെ
പുടവ കവർന്നാലിൻ
കൊമ്പിലിരുപ്പത്
മായക്കഥയോ,
കള്ളു നുണഞ്ഞ്
കള്ളച്ചൂതിൽ പകിട
യെറിഞ്ഞിട്ടൊടുവിൽ
കുലവധുവിൻ
പുടവയഴിച്ചതു
വേദപ്പൊരുളോ?


സ്വന്തം ചോരയിതെന്നു
നിനച്ചു തളർന്നൊരു
ശരവേഗത്തിനു
തേരു തെളിച്ചതു,
നരയാഗത്തിനു
ചമതയൊരുക്കി
പനയോലക്കീറിൽ
കുളിർ തേടുന്നത്,


ദുരിതം കഥനം,
കഥ മതിയാക്കി
കതകു തുറന്നാൽ
തെരുവിലുയർത്തിയ
പ്രതിമ കണക്കെ
കവിയായിവിടെ
പാപക്കൂട്ടിൽ
ചേക്കേറിയിരുപ്പതു
ഞാനോ? നീയോ?

OO അജിത് കെ.സി

 

4 comments:

  1. സംശയമെന്ത്? നീ തന്നെ

    ReplyDelete
  2. പുരാണങ്ങള്‍ നിന്ന് നമ്മള്‍ പഠിക്കുന്നത് തിന്മകള്‍ക്കു എതിരെ എങ്ങിനെയാണോ പ്രതീകരിക്കെണ്ട്ത് എന്നാണ് ...എന്നിട്ട് നമ്മള്‍ കണ്ണടച്ച് ജീവിക്കുന്നു ..നന്നായി അജിത്ത്...ആധ്യമയിട്ടാണ് ഇവിടെ ...ഇനിയും വരാം...

    ReplyDelete
  3. പുരാണങ്ങള്‍ ഇതിഹാസങ്ങള്‍ ഒക്കെ ചതിയുടെ കഥയാണ് .ചതിക്കപ്പെട്ടവര്‍ എപ്പോഴും കളത്തിനു പുറത്താണ് ..

    ReplyDelete
  4. വെണ്ണ കവർന്നു
    പെണ്ണിൻ കരളു
    കവർന്നവളുടെ
    പുടവ കവർന്നാലിൻ
    കൊമ്പിലിരുപ്പത്
    മായക്കഥയോ,
    നന്നായി...എല്ലാ വിധ ഭാവുകങ്ങളും..അജിത്‌.

    ReplyDelete